നൈനം ഛിന്ദന്തി ശസ്ത്രാണി – വി എസ് അജിത്ത്

Spread the love

നാൽവർ സംഘം അഞ്ചാമനെ നാലു നാഴിക എയറിൽ നിർത്തി. ന്യൂട്ടനെ ബഹുമാനിച്ച് ടിയാൻ താഴേക്ക് പതിക്കുമ്പോഴെല്ലാം നാൽവർ സംഘം ഗലീലിയോ, കെപ്ളർ, ഫാരഡേ മുതൽ പേരോടുള്ള ബഹുമാനാർത്ഥം പരന്നവ ഉരുട്ടിയും ഓർബിറ്റ് ഏങ്കോണിച്ചും ഉളളം കാലിൽ നിന്ന് ഉച്ചംതലയിലേക്ക് വൈദ്യുതകാന്തിക തരംഗങ്ങൾ പ്രവഹിപ്പിച്ചും കൊണ്ട് ടിയാനെ വായുവിൽ തന്നെ നിലനിർത്തി. ഇനിയും നില തുടർന്നാൽ സംഗതി നീൽസ് ബോറാവുമെന്ന് കണ്ട് പ്ലാങ്കേറിയൻ കോണ്ടം തിയറിയനുസരിച്ച് ബാക്കി നാളെയെന്ന് നിരൂപിച്ച് നാൽവരും നാലടി പുറകോട്ട് മാറി. 40 കിലോ മാത്രം ഭാരമുള്ള ടിയാൻ അപ്പുപ്പൻതാടി പോലെ ഭൂമീദേവിയുടെ മാറിൽ മന്ദം മന്ദം നിപതിച്ചു. പുള്ളിക്കാരീടേന്നല്ല ആരുടേം മാറിലേക്ക് അടുപ്പിക്കാൻ കൊള്ളാത്തവനാണല്ലോന്നോർത്തപ്പോൾ വാസ്തുപുരുഷൻ്റെ പാദമിരിക്കുന്ന കന്നിമൂലക്ക് സുമാർ അക്ഷാംശം 22 ഡിഗ്രി 25′ വടക്കും രേഖാംശം 75 ഡിഗ്രി 32′ കിഴക്കും സ്ഥിതിചെയ്യുന്ന കാൻസർ ഓഫ് കാപ്രിക്കോണിനടിയിൽ ‘സായിപ്പിൻ്റെ സിനിമയിൽ പുട്ടിന് പീര പോലെ നാഴികയ്ക്ക് നാൽപ്പത് വട്ടം പറയുന്ന ആ ഹോളിനടുത്തേക്ക് ചവിട്ടി നീക്കി. വള്ളക്കൂലീം നടുക്കണ്ടോം കൊടുത്ത് പീറ്റർ ഹെയ്ൻ ചട്ടമ്പിയെ കൊണ്ടുവന്ന് ഇപ്രകാരം സംഘട്ടനം ചിത്രികരിക്കാനിടയായ സംഗതികളിലേക്ക് വെളിച്ചം വീശാൻ 20 വർഷം പുറകോട്ട് പോകേണ്ടിയിരിക്കുന്നു.

പുറകോട്ട് പോകണംന്ന് പറഞ്ഞ് നാക്ക് വായിലിടും മുമ്പേ പാട്ടയടിയും പന്തവുമായി 200 വർഷം പുറകോട്ട് കുതിച്ചവർ വിട്ട് പോട്ടേ.. നമുക്കിവിടെ 20 വർഷത്തിൻ്റെ stop ൽ ഇറങ്ങാം. ചായകുടി കഴിഞ്ഞാൽ വണ്ടി U ടേൺ എടുക്കുന്നതായിരിക്കും.

പെണ്ണുങ്ങൾ കൂട്ടം കൂടി നിന്ന് തള്ളയ്ക്ക് വിളിക്കുകയും മുണ്ട് പൊക്കിക്കാണിക്കുകയും വെള്ളം കോരുകയും ചെയ്യുന്ന പഞ്ചായത്ത് കിണറിന് മേക്ക് പാമ്പ് പെറ്റു കിടക്കുന്ന പുറമ്പോക്കിൽ പെടുത്തതിനു ശേഷം തങ്കപ്പൻ നായരുടെ ചായക്കടയിൽ പ്രവേശിക്കുന്ന യാത്രക്കാർ കാണുന്നത് നാൽവരും ഉടുപ്പിടാതെ നിരന്നിരുന്ന് പുട്ടു തിന്നുന്ന ദൃശ്യമാണ്. വെള്ളത്തിലെ നിഴലിലൂടെ കറങ്ങുന്ന മീനിൻ്റെ കണ്ണു മാത്രം കാണുന്ന അർജ്ജുനൻ്റെ ഏകാഗ്രതയോടെ പുട്ട് പയറും പപ്പടവും ചേർത്ത് ഒരു പിടിപിടിക്കയാണ് പുമാന്മാൻമാർ. ബസ്സ് വരുന്നതിന് തൊട്ടു മുൻപ് വാഴയിലയിൽ നിന്നുമുരുണ്ട് കരുവാളിച്ച തടിമേശയിലേക്കിറങ്ങിയ പയർമണികൾ വരാനിരിക്കുന്ന സ്വച്ഛ്ഭാരത് മാനിച്ച് കളയാനെന്ന വ്യാജേന കറിവേപ്പിലയ്ക്കരികിൽ മാറ്റി വച്ചത് ആരുമറിയാതെ സാപ്പിട്ടുകൊണ്ട് നാൽവരും ഒരുമിച്ച് തലയുയർത്തി.

അയയിഴയൻ തോർത്തു മാത്രമുടുത്ത്, പെൺകുട്ടിയായി വേഷം മാറി വന്ന ഹക്കിൾബറിഫിന്നിൻ്റെ മടിയിലേക്ക് സംശയം തോന്നിയ പോളി ആൻ്റി നൂൽപ്പന്ത് എറിഞ്ഞു കൊടുത്തപ്പോൾ യഥാർത്ഥ പെൺകുട്ടിയായിരുന്നെങ്കിൽ പാവാടയുടെ നടുക്ക് അത് പിടിക്കുവാനായി എപ്രകാരം കാലുകൾ വിടർത്തുമായിരുന്നോ അപ്രകാരം കാലുകൾ വിടർത്തിയിരുന്ന് പുട്ട് തിന്നുന്ന 14 തികഞ്ഞ ചെറുപ്പക്കാരുടെ യന്ത്രസാമഗ്രികൾ ത്രികോണാകൃതിയിലുള്ള ചായക്കടയുടെ കർണ്ണം സ്ക്വയറിലൂടെ കുനിഞ്ഞു നോക്കിയാൽ വ്യക്തമായും ശക്തമായും കാണാവുന്നതാണ്. ചില കൂറ മോറൽപ്പോലീസുകാരെപ്പോലെയല്ലാതെ വല്ലവൻ്റേം സാമാനം ഒളിഞ്ഞു നോക്കുന്ന സമയത്ത് നാല് ദോശ ചുടുകയോ രണ്ട് ചായയടിക്കുകയോ ചെയ്യുന്ന നല്ലവനായ തങ്കപ്പൻ നായർ നാളിതുവരെ ഈ കാഴ്ച കണ്ടിട്ടില്ലാത്തതാകുന്നു.

പറ്റുബുക്കിൽ ആളുക്ക് 12 അണ വീതം കുറിച്ചശേഷം നാൽ വരും ടാറ് തേമ്പിയ ചെമ്മൺപാതയിലേക്കിറങ്ങി. കണ്ടതും കടിയതും നുള്ളീം പെറുക്കീം തിന്നുന്ന കാരണം പ്രായത്തേക്കാൾ മുഴുപ്പു തോന്നുന്ന അവയവം കണ്ട് നമ്രശിരസ്ക്കരായ കുലസ്ത്രീകൾ തങ്ങളുടെ കെട്ടിയോന്മാരെയെടുത്ത് കിണറ്റിലിടേണ്ടതാണെന്ന് തപിച്ചു. PSC യുടെ വില്ലൊടിച്ച് സീതാദേവിയെ സ്വന്തമാക്കിയവനും ഇളിയെടുത്ത് വളിവിടാൻ ആവതില്ലാത്തവനുമായ LD ക്ലാർക്ക് കുമാരൻ തൻ്റെ നവവധുവിൻ്റെ കണ്ണുകൾ ചാസ്റ്റിറ്റി ബെൽറ്റിട്ട് മുടി.

“നൈനം ദഹതി പാവക
ന ശോഷയതി മാരുത.”

എന്ന് ഭഗവാനെക്കൊണ്ട് പറയിപ്പിക്കാൻ വേണ്ടി കരപ്പനടിച്ച് തീയിൽ വേകാത്തതും വിയർത്ത് കാറ്റിൽ പറക്കാത്തതുമായ തോർത്ത് മുണ്ടിൽ തുമ്പിക്കൈയ്ക്ക് സമാന്തരമായി ഇടത്തേ തുടക്കാമ്പിൽ തൂക്കിയ പച്ചോലക്കീറ് ആട്ടിയാട്ടിയാണ് നാൽവരുടെയും നടപ്പ്.

പച്ചോലക്കീറിൻ്റെ രഹസ്യം തേടി നാൽവർ സംഘത്തെ അനുഗമിച്ച് നാമെത്തുന്നത് മൺപാത മുറിച്ച് നീങ്ങുന്ന തോട്ടിനക്കരെ കൈതയ്ക്കും നെൽപ്പാടത്തിനുമപ്പുറം കട്ടയറുക്കുന്ന പശമൺ പാടങ്ങളിലാണ്.

പാകത്തിന് കുഴച്ച പശിമയാർന്ന മണ്ണ് നിലത്തുവച്ച അച്ചിൽ നിറച്ച് കുറിയ ചതുരവടി കൊണ്ട് ഇടത്തുന്ന് വലത്തോട്ടൊരു തേപ്പു തേച്ച് മെനവരുത്തി ഇത്തിരി വെള്ളോം തളിച്ച് പച്ചക്കട്ടകൾ പടച്ചു വിടുന്ന ഏർപ്പാടിന് കട്ടയറുക്കൽ എന്നാണ് പറയുന്നത്. ചില പാട്ടുകവികൾ കവിത പടയ്ക്കും പോലെ അഭ്യാസി അര മണിക്കൂറിൽ അറുപത് കട്ടകൾ വരെ അറുക്കും. അറുത്തു വച്ച കട്ടകൾ ഉണങ്ങി സെറ്റാവുമ്പോൾ നാൽവർ സംഘം തലയിൽ പശയില്ലാമൽ (പശിയിരുക്ക് സ്വാമീ) ഉറപ്പിച്ച പലകമേൽ പതിനാറ് കട്ടകളടുക്കി ബാലൻസ് തെറ്റാതെ നടന്ന് തെങ്ങിൻതടിപ്പാലം കയറി പാലത്തേ കാലുപോവാതെ കവച്ചു വച്ച് ചൂളയിലെത്തിക്കും. ഇപ്രകാരം ഒരു നട നടന്ന് 16 കട്ടകൾ ചുടുകാട്ടിലെത്തിക്കുമ്പോൾ മേൽപ്പടി പച്ചോലക്കീറിൽ ഒരു മടക്ക് മടക്കും. അന്തിയാവുമ്പോൾ ഓലക്കീറിൽ 25-27 മടക്കുകൾ വീഴുകയും മടക്കൊന്നിന് 16 കട്ട വച്ച് 27 x 16 = 432 കട്ടകൾ ചൂളയിലെത്തുകയും ഒരു മടക്കിന് ആറണ വച്ച് 27 x 6= 162 അണ അഥവാ ഒരണ ആറു പൈസ നിരക്കിൽ 162 x 6= 972 പൈസ അഥവാ 100 കൊണ്ട് ഹരിച്ചാൽ 9 രൂപ 72 പൈസ കൂലിയായി കൈപ്പറ്റി നാൽവരും കുടിയിലേക്ക് മടങ്ങുകയും ചെയ്യും.

തന്തപ്പടി കുടിക്കാൻ പോയ തക്കത്തിന് 4 രൂപ തള്ളയെ ഏൽപിച്ച് 3 നേരം തിന്നാൻ ചെലവായ 3 രൂപ കഴിച്ച് ബാക്കി 2 രൂപ 72 പൈസ കുടുക്കയിൽ ഇടും. വാരാന്ത്യമാവുമ്പോൾ സെൻസസ് 1460 പോയിൻ്റ് ഉയർന്ന് ടി തുക 16 രൂപ 32 പൈസയാകും. ഭീമമായ ഈ അക്രൂഡ് ഇൻകം എങ്ങനെ വിനിയോഗിക്കുന്നുവെന്നിടത്താണ് കഥയുടെ രത്നമ്മച്ചുരുക്കമിരിക്കുന്നത്. ബാക്കിയെല്ലാം വെറും പോച്ച.

ഞായറാഴ്ച ദിവങ്ങളിൽ നാൽവരും കുളിച്ച് കുറിയിട്ട് അണ്ടർവയറിട്ട് ഷർട്ടും മുണ്ടും ഉടുത്ത് 16 രൂപ 32 പൈസ പോക്കറ്റിലിട്ട് തെന്നിന്ത്യൻ താരം ശ്രീദേവിയുടെ സിനിമ കളിക്കുന്ന കൊട്ടകയിലെത്തും. വസന്തമാളിക, പതിനാറ് വയതിനിലെ, മൂന്നാം പിറ, മിസ്റ്റർ ഇന്ത്യ എന്നുവേണ്ട ശ്രീദേവിയുടെ എല്ലാ ചിത്രങ്ങളും ഇവർ കണ്ടിട്ടുണ്ട്. സിനിമ കഴിഞ്ഞ് ആർട്ടിസ്റ്റ് രവിവർമ്മയെക്കണ്ട് ശ്രീദേവിയുടെ റിയലിസ്റ്റിക് ചിത്രം വരപ്പിച്ച് (ടിയാന് 10 രൂപ വച്ച് കൊടുക്കണം ) ചിത്രം നെഞ്ചോട് ചേർത്ത് ആരാധനാപൂർവ്വം കാൽനടയായി വീട്ടിലെത്തും. വീട്ടിലെത്തി അലമാര തുറന്ന് ഇസ്തിരിയിട്ട് മടക്കിവച്ച കോടിമുണ്ടിനിടയിൽ ചിത്രം സൂക്ഷിക്കുന്നതുവരെ തൊട്ടുരിയാടാതെയാണ് നാൽവരുടെയും നടപ്പ്. ശ്രീദേവീപൂജാ ദിവസമായ ഞായറാഴ്ച തൂറാൻ മുട്ടിയാലോന്ന് ഭയന്ന് ശനിയാഴ്ച ഒരു നേരം മാത്രം അരിയാഹാരം കഴിച്ച് (ഈ സമ്പ്രദായത്തിനെ കുട്ടികൾക്ക് പഠിക്കാൻ എളുപ്പത്തിന് ‘ഒരിക്കൽ’ എന്നാണ് പറയുന്നത് ) വ്രതം നോറ്റാണ് അവർ കിടക്കുന്നത്.

“നീയൊക്കെ തൂറാതിരുന്നാലും ശ്രീദേവി തൂറും..ചറപറാന്ന് തൂറും ”

എന്നു പറഞ്ഞു കൊണ്ടാണ് അഞ്ചാമൻ ആദ്യമായി കഥയിലേക്ക് പ്രവേശിക്കുന്നത്.(Chronology തെറ്റിച്ചാൽ ചെവിക്ക് പിടിക്കുന്നവർ ക്ഷമിക്കുക) . അന്ന് നാൽവരും ടിയാനെ ഇടിച്ച് പഞ്ഞിക്കിടുകയും അനന്തരം 50 ദിവസം സർക്കാർ ആയുർവേദാശുപത്രിയിൽ കിടക്കുകയും മറ്റു കിടപ്പു രോഗികളെ കക്കൂസിൽ വച്ച് മദ്യസേവ നടത്തുന്ന വിദ്യ അഭ്യസിപ്പിക്കുകയും തുടർന്ന് അവിടന്ന് പേര് വെട്ടി 10 ദിവസം വീട്ടിൽ ഒരേ കിടപ്പ് കിടന്നതും ഏലായിൽ പാട്ടാണ്.

സുന്ദരിയും സുശീലയും കുലീനയും നിഷ്കളങ്കയും സർവ്വോപരി നിർമലയുമായ ശ്രീദേവി മനുഷ്യനെപ്പോലെ തൂറുന്നത് നാൽവർക്കും ചിന്തിക്കാനേ കഴിഞ്ഞിരുന്നില്ല. ഗതികെട്ടാൽ പോലും നല്ല വെളുത്ത് സുന്ദരമായ അരയന്നമുട്ട (goose egg) യിൽക്കുറഞ്ഞ എന്തെകിലും ഒന്ന് അവർക്ക് ഇടാൻ പറ്റുമെന്ന് വിശ്വസിക്കാനേ വയ്യ.

നാൽവരുടേയും കൂടെ നാലാം ക്ലാസ്സ് വരെ പഠിച്ച അഞ്ചാമൻ മറ്റൊരു സ്കൂളിൽ തുടർവിദ്യാഭ്യാസം നടത്തുകയും 10-ാം ക്ലാസും PDC യും കഴിഞ്ഞ് ആട്ടോഡ്രൈവർ ഉദ്യോഗം ഭരിക്കാൻ ഒട്ടത്തികളും വേശ്യകളുമുള്ള നഗരഹൃദയത്തിലേക്ക് നിത്യേനയെന്നോണം പോയ് വരികയും ചെയ്തതിൽപ്പിന്നെയാണ് ഇത്തരം വേണ്ടാതീനങ്ങൾ പറയാൻ തുടങ്ങിയത്.

‘ തീയില്ലാതെ കനലുണ്ടാവുമോ?’
‘തൂറാതെ നാറുമോ?’ എന്നിത്യാദി ” തിരുക്കുറൾ പേച്ചുകൾ പറയുന്ന സുമതിയമ്മായിയെ സ്മരിച്ച് നാൽവരും ചഞ്ചലചിത്തരായി. ഇനിയൊരിക്കലും തങ്ങൾക്ക് ശ്രീദേവീചിത്രം കാണാമ്പറ്റില്ലെന്ന് അവർ വേദനയോടെ മനസ്സിലാക്കി. ഞായറാഴ്ചകളിൽ ദണ്ഡം മാറ്റാൻ വാറ്റുചാരായം കുടിക്കാനും മീൻപിടിക്കാനും തീരുമാനിച്ചു.. കാലത്തിന് മായ്ക്കാനാവാത്ത മുറിവില്ലെന്നാണല്ലോ! വെണ്ണപോലെ വെളുത്ത കാലുകളുള്ള ആംഗ്ലോ ഇന്ത്യൻ സുന്ദരിയെ ലൊടുക്ക്‌ വേലയ്ക്ക് അടിച്ചുമാറ്റി കല്യാണം കഴിച്ച എം പാനൽ കണ്ടക്ടർ ശീമോൻ 3 പെഗ്ഗ് കഴിച്ച് മുക്കറയിട്ടത് കമ്പ്യൂട്ടറിൽ ഡീക്കോഡ് ചെയ്തതിൻ പ്രകാരം വെളുത്ത സുന്ദരികൾ മുടിഞ്ഞ ശബ്ദത്തോടെ തൂറാനുള്ള സാധ്യതകൾ തള്ളിക്കളയാൻ പറ്റില്ലെന്ന ശാസ്ത്രബോധം നാൽവർക്കുമുണ്ടായി.

അനന്തരം അഞ്ചാമനോട് സന്ധി ചെയ്ത് ഞായറാഴ്ചത്തെ സമൂഹപാനത്തിലേക്ക് ഉൾപ്പെടുത്തിയ ശേഷം സുമാർ ഒരു വർഷം കഴിഞ്ഞാണ് കഥയുടെ തുടക്കത്തിൽ നാം കണ്ട ഹെയ്നീയൻ സംഘട്ടനത്തിലേക്ക് നയിച്ച സംഗതികളും കാര്യങ്ങളും ഉണ്ടാവുന്നത്.

സിനിമ കാണുന്നതേ മറന്നിരുന്ന നാൽവരേയും സംഭാഷണ ചതുരനായ അഞ്ചാമൻ A ചിത്രം മാത്രം കാണിക്കുന്ന ന്യൂ തീയറ്ററിലേക്ക് നയിച്ച നാടകീയ മുഹൂർത്തങ്ങളിലേക്ക് കടക്കുന്നതിന് മുൻപ് ഒരു ബലത്തിന് കുരുമുളകിട്ട് ഒന്നരയടിച്ച് താറാമുട്ടേം തിന്നിട്ട് വരാം.

ഇന്ത്യാക്കാരായ ആണുങ്ങൾ തങ്ങളുടേതെന്നും ചൈനാക്കാരായ പെണ്ണുങ്ങൾ തങ്ങളുടേതെന്നും പറയുന്ന പുഷ്ക്കല ഭൂപ്രദേശം പരസ്പരം പങ്കുവയ്ക്കാൻ തമ്മസിക്കാതെ അതിശൈത്യം നിറഞ്ഞ സിയാച്ചിൻ അതിർത്തികളിൽ പോലും അവനവൻ്റെ വിരലറ്റു പോകുന്നതു വരെ ത്യാഗപ്പെട്ട് സദാ കണ്ണിൽ മണ്ണെണ്ണയൊഴിച്ച് റോന്തുചുറ്റുന്ന സദാചാര ഗുണ്ടകളുടെ നാട്ടിൽ പട്ടിണി കിടന്ന് മുരടിച്ച നാൽവർക്കും നച്ചെലി പുന്നെല്ല് കാണുന്ന പോലെയാണ് A കാരാദി വിഷയങ്ങളെന്ന് അഞ്ചാമനറിയാം.

ന്യൂ തീയറ്ററിൽ വൈകുന്നേരം 6 മണീടെ ഷോയ്ക്ക് മുണ്ട് ഉടുത്തുകൊണ്ടും നിക്കർ ഇടാതെയും പോകേണ്ടതാണെന്നും ടിക്കറ്റ് എടുക്കുമ്പോൾത്തന്നെ നമ്മളെ സാകൂതം വീക്ഷിക്കുന്ന തൽപ്പരകക്ഷികളായ കഷണ്ടിത്തലയന്മാർ അടുത്ത് വന്നിരുന്നു കൊള്ളുമെന്നും ലൈറ്റണയുന്ന മാത്രയിൻ നമ്മൾ അവരുടെ തുടയിൽ ഇംഗിത സൂചകമായി തടവുകയും സ്വിച്ചിട്ട പോലെ അവർ നിലത്തിറങ്ങി സൂര്യനിൽ നിന്നും വിദ്യപഠിക്കാൻ ഹനുമാനിരുന്ന പോലെ അഭിമുഖമായി ഇരിക്കുകയും പിന്നീടുണ്ടാവുന്ന അക്രമാതിശയോക്തിയിൽ നാം ശാർദ്ദൂലവിക്രീടിതപ്പെടുകയും ഏകാദശിയും ദ്വാദശിയും കഴിഞ്ഞ് ശുക്ലപക്ഷത്തിൽ സമാധിയാവുകയും രണ്ടരമണിക്കൂറുകഴിഞ്ഞ് എവനെങ്കിലും വിളിച്ചുണർത്തി “വീട്ടിപ്പോടേ ” ന്ന് പറയുമ്പം പോവുകയും ചെയ്യാവുന്നതാണെന്ന രഹസ്യം അഞ്ചാമൻ ഒറ്റശ്വാസത്തിൽ അനാവൃതമാക്കി. PS എന്നെഴുതി രണ്ട് കുത്തിട്ട ശേഷം ” നമുക്കൊര് ഉപഹാരം അവർക്കൊര് പലഹാരം, ഇതിൽ തെറ്റൊന്നുമില്ല ” എന്ന് ഉദീരണം ചെയ്യുകയും ഉണ്ടായി.

“എന്താടേ.. പോകുന്നുണ്ടോ.. ” ന്ന് ചോദിച്ച മാത്രയിൽ നാൽവരും ദയനീയമായി ” ഉം ” എന്ന് മൂളിയതിൻ്റെ ആവേഗത്തിൽ സെൻ മാസ്റ്ററായി ഉയർത്തപ്പെട്ട അഞ്ചാമൻ
” കൊടുക്കുമ്പോഴാണ് കിട്ടുന്നതിനേക്കാൾ സുഖം” എന്ന ബുദ്ധവാക്യം ഉദ്ധരിച്ച് പത്മാസനത്തിലിരുന്നു.

അഞ്ചാം മാസം അഞ്ചാം തീയതി അഞ്ചരയ്ക്കുള്ള വണ്ടിയിൽ വഞ്ചിപ്പാട്ടും പാടി ന്യൂ തീയറ്ററിലേക്ക് പോയ നാൽവരും ,9 മണി 9 മിനിട്ടിലെ വണ്ടിയിൽ തിരിച്ചു വരുമ്പം യുദ്ധസന്നദ്ധരായി കാണപ്പെട്ടതിൽ വർണ്യത്തിലാശങ്ക തോന്നിയ എംപാനൽ ശീമോൻ്റെ ചോദ്യശരങ്ങൾക്ക് മുൻപിൽ നാൽവരും ഒന്നിച്ച് കീഴടങ്ങി.
” അവൻ പറഞ്ഞതൊക്കെ ശരി തന്നെ. ഒരു വ്യത്യാസേള്ളൂ .. ആ ചോരകുടിയനെ ചുടാനായിട്ട് നമ്മളങ്ങോട്ട് കൊടുക്കാൻ ചെന്നപ്പം അവന്മാരിങ്ങോട്ട് തരാൻ നിൽക്കുന്നു”

ആനവണ്ടിയിറങ്ങിയ വാറേ നാൽവരും അഞ്ചാമനെ പുരയിൽ നിന്നും ഊരിയെടുത്ത് കവലയിലെ ഹൈമാസ്റ്റ് വെളിച്ചത്തിൽ കൊണ്ടുവന്ന് എയറിൽ നിർത്തിയത് തുടക്കത്തിൽ നാം കണ്ടതാണല്ലോ.

വാസ്തുപുരുഷൻ്റെ ആസ്ഹോളിൽ നിന്നും പെറുക്കിയെടുത്ത അഞ്ചാമൻ്റെ ശരീരം നാട്ടുകാർ ആസ്പത്രിയിലേക്ക് കൊണ്ടു പോകുന്നതു കണ്ട ഭഗവാൻ 45 ദിവസം കഴിഞ്ഞ് ടിയാൻ കതിനാക്കുറ്റി പോലെ തിരിച്ചുവരുന്നത് ജ്ഞാനദൃഷ്ടിയിൽ ദർശിച്ച് വിട്ടുപോയ വരികൾ add ചെയ്ത് ശ്ലോകം ഇപ്രകാരം പൂർത്തിയാക്കി.

“നൈനം ചിന്ദന്തി ശസ്ത്രാണി
നൈനം ദഹതി പാവക
ന ചൈനം ക്ലേദയന്ത്യാപോ
ന ശോഷയതി മാരുത.”

Leave a Reply