ഒരു തർപണം – വിജു നമ്പ്യാർ

Spread the love

കളയെല്ലാം നീക്കിയ മൈതാനംപോലെ സ്വച്ഛമാണിപ്പോൾ മാനം; വൈരം മറന്ന് വെള്ളിമേഘവും നീലമേഘവും ഒന്നുചേർന്നിരിക്കുന്നതു നോക്കൂ! അവരിപ്പോൾ ഇരുസൈകതങ്ങൾപോലെ സന്നദ്ധരായ് കാത്തിരിക്കുകയാണ്; എന്തിനാണെന്നോ, സീതാരാമന്മാരെയും വഹിച്ചുകൊണ്ട് പുഷ്പകവിമാനം ഈ വഴിയാണത്രേ പോകുന്നത്!

അതാ പുഷ്പകവിമാനത്തിന്റെയാരവം; മേഘങ്ങൾ സ്നേഹഭക്തിബഹുമാനങ്ങളോടെ ചേർന്നുനിന്നു, വിമാനം കടന്നുപോകുമ്പോൾ നീർപ്പൂക്കളെ വർഷിച്ചു. സീതാരാമന്മാർ എഴുന്നീറ്റുനിന്ന് അവയെയൊക്കെ അഭിവാദനം ചെയ്യുന്ന ദൃശ്യം, ഹാ മോഹനമെന്നേ പറയേണ്ടൂ! അപ്പോളതാ എന്തോ ഒന്ന് നീലമേഘത്തെ തള്ളിമാറ്റുകയാണ്..
തന്നെ മാറ്റുന്ന ആളെക്കണ്ടതും മേഘം കെറുവിച്ച് ചേർന്നുനിന്നതും ഒരുമിച്ച്!
“ന്റെ ചിങ്ങവെയിലേ.. നിനക്ക് നാളെമുതൽ എന്നും വരാലോ! ഇന്നുകൂടെ ഞങ്ങൾക്കു വിട്ടുതാടോ!”

ചോരിവായോടെ ചിങ്ങവെയിൽ ചിണുങ്ങി, “നാളെ ഈ ദൃശ്യം കാണാൻപറ്റില്ലാലോ! ഒന്നു മാറിത്താ അമ്മേ!”
അമ്മേ എന്ന ഒറ്റവിളിയിൽ ആർദ്രമായിപ്പോയ കൃഷ്ണമേഘം അറിയാതെ മാറിടം ചുരത്തിപ്പോയി!

അപ്പോളേക്കും രാമേശ്വരത്തിന്റെ മുകളിലെത്തിയിരുന്നു പുഷ്പകം! താഴേക്കുനോക്കിയ രാമൻ ജാനികയോടു പറഞ്ഞു, “നമുക്കിവിടെയൊന്നിറങ്ങാം, പരേതാത്മാക്കൾക്കു പിണ്ഡസമർപണം ചെയ്യുവാനുത്തമമാണ് ഈ കടൽത്തീരം!”
സീത ശിരസ്സിളക്കി, പുഷ്പകം നേരേ താഴേക്ക്..

ശ്രീരാമാദികൾ ആദ്യം ബ്രഹ്മഹത്യാപാപപരിഹാരാർഥമുള്ള ക്രിയകളാണു് ചെയ്തത്. സന്തുഷ്ടചിത്തരായ രാവണാദിരാക്ഷസർ പിണ്ഡം സ്വീകരിച്ച് നന്ദിയോതി. പിന്നെ പിതാവിന്നുവേണ്ട തർപണം ചെയ്തു രാമലക്ഷ്മണന്മാർ. അതിശയമെന്നുപറയട്ടെ, ആ പിണ്ഡം സ്വീകരിക്കുവാൻ ദശരഥന്റെയാത്മാവെത്തിയില്ല! ഹൃദയം നൊന്തുവിളിച്ചു പുത്രന്മാർ, പക്ഷേ പിണ്ഡസ്വീകരണംമാത്രം നടന്നില്ല!

ജാംബവാൻ പറഞ്ഞു, “ഇതതിശയമായിരിക്കുന്നല്ലോ, സാധാരണമായ് പിണ്ഡം വെക്കുമ്പോളേക്കും രണ്ടു കൈയാലെയും സ്വീകരിക്കുന്നതായിരുന്ന ദശരഥരാജൻ ഇന്ന് തിരിഞ്ഞുനോക്കുന്നില്ല!”

അവർ സംസാരിച്ചുകൊണ്ടിരിക്കേ സീതാദേവിയണഞ്ഞു, മടിച്ചുമടിച്ചാണ് പിന്നെയാ മൊഴികളടർന്നത് “പ്രഭോ ഞാനൊന്നു പറയട്ടേ, നാം പുറപ്പെടുന്നതിന്നുമുമ്പേ ഞാൻ ലങ്കാപുരിയിവെച്ച് ദുർഗാദേവിയെ പൂജിച്ചിരുന്നു, അന്നേരം മണ്ണുകുഴച്ച് പിണ്ഡമുണ്ടാക്കി മനസ്സുകൊണ്ട് പിതൃസങ്കല്പം ചെയ്ത് സമർപണവും നടത്തിയിരുന്നു! ഒരുപക്ഷേ അതുകൊണ്ടായിരിക്കുമോ?”

രാമൻ പറഞ്ഞു, “ഏയ് അങ്ങനെയൊക്കെ സംഭവിക്കുമോ!”

അന്നേരമതാ വിമാനാരൂഢനായ് ദശരഥൻ ആഗതനാകുന്നു, ചരാചരങ്ങൾ അദ്‌ഭുതംകൂറി! വന്നപാടേ രാമനെ പുണർന്നു ദശരഥൻ, എന്നിട്ടു പറഞ്ഞു “പുത്രാ, സീത പറഞ്ഞതാണ് ശരി! സീതാദേവി സമർപ്പിച്ച പിണ്ഡം സ്വീകരിച്ചതുമൂലം ഭൂമിയിലെ അടുത്തയാണ്ടുവരേക്ക് എന്റെ വിശപ്പുകെട്ടിരിക്കുന്നു! നിനക്കറിയാമല്ലോ, എന്തു സമർപ്പിക്കുന്നു എന്നതിലുപരി എങ്ങനെ സമർപ്പിക്കുന്നുവെന്നതിലാണ് മാഹാത്മ്യമെന്നത്! അതാരായാലും ഞങ്ങൾ സ്വീകരിക്കുന്നു, ഒരു ഹൃദയവിശുദ്ധിക്കപ്പുറം മറ്റെന്താണു് മക്കളേ ഞങ്ങൾക്കു വേണ്ടത്!”

ദശരഥന്നു സമയമില്ല, രാമാദികളെയനുഗ്രഹിച്ച് സൂര്യപാതയിലൂടെ അദ്ദേഹം വിടകൊണ്ടു, ആനന്ദത്തോടെ രാമാദികൾ അയോധ്യയിലേക്കും..

കൂട്ടുകാർക്ക് സമൃദ്ധമായ ചിങ്ങപ്പുലരികളാശംസിച്ചുകൊണ്ട്,
സ്നേഹവന്ദനം.. – വിജു നമ്പ്യാർ

Leave a Reply